കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ആദായ നികുതി വകുപ്പ്. ഹൈക്കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. ഇതേ തുടർന്ന് അൻവർ എംഎൽഎയ്‌ക്കെതിരെ ലഭിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മലപ്പുറം സ്വദേശി കെവി ഷാജിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എംഎൽഎയ്‌ക്കെതിരെ കേന്ദ്ര ആദായ നികുതി വകുപ്പിന് നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. എന്നാൽ ആദായ നികുതി വകുപ്പിന്റെ നിലപാട് രേഖപ്പെടുത്തിയ ഡിവിഷൻ ബഞ്ച് ഹർജി തീർപ്പാക്കുകയായിരുന്നു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിലാണ് എംഎൽഎയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേന്ദ്ര ആദായ നികുതി വകുപ്പിന് നൽകിയ പരാതിയിലെ അന്വേഷണം എംഎൽഎ സ്വാധീനം ഉപയോഗിച്ച് തടസ്സപ്പെടുത്തുകയാണെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഇതിനൊപ്പം എംഎൽഎ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി വ്യക്തമാക്കിക്കൊണ്ടുള്ള സത്യപ്രസ്താനയും നൽകിയിരുന്നു.
Comments