ആലപ്പുഴ : ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ്. കൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തെ തുടർന്നാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചത്. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കേസിൽ ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെല്ലാം പ്രതികളുമായി ബന്ധമുള്ളവരാണ്. ഇവരിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ജില്ലയിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. എന്നിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇതര സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നത്. കാരണം ആലപ്പുഴയിൽ നിന്നും എളുപ്പത്തിൽ കടക്കാൻ കഴിയുന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താറ്. എന്നാൽ ഇവിടെ യാതൊരു ഡിജിറ്റൽ തെളിവും പ്രതികൾ അവശേഷിപ്പിച്ചിട്ടില്ല എന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്.
അതേസമയം സംഭവ ശേഷം പ്രതികൾ സംസ്ഥാനം വിട്ടുവെന്ന വാദം പോലീസിന്റെ കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികൾ കടന്നിരിക്കുന്നത്. പോലീസിലെ ഒരു വിഭാഗമാണ് പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
















Comments