അഹമ്മദാബാദ്: സുപ്രധാന ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി.ഒരു പുരുഷന് ഭാര്യയെ നിർബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കാനും ദാമ്പത്യാവകാശങ്ങൾ സ്ഥാപിക്കാനും കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു.ഒരുമിച്ച് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചാൽ കോടതി ഉത്തരവിലൂടെ പോലും പുരുഷന് അവളെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബനസ്കന്ത സ്വദേശികളായ ദമ്പതിമാരുടെ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധി.2015ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ടായിരുന്നു. നഴ്സായി ജോലി ചെയ്യുന്ന യുവതി ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തനിക്ക് ഭർത്താവിൽ നിന്ന് പീഡനം നേരിടേണ്ടി വന്നെന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാനും പിന്നീട് ഭർത്താവിനെ അങ്ങോട്ടേക്ക് വിളിക്കാനും ഭർതൃമാതാവിന്റെ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.
തർക്കത്തെത്തുടർന്ന് യുവതിയുടെ ഭർത്താവ് പാലൻപൂരിലെ കുടുംബകോടതിയെ സമീപിക്കുകയും ദാമ്പത്യാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി ഭാര്യയോട് ഭർത്താവിനൊപ്പം ജീവിക്കാൻ ഉത്തരവിട്ടു.
കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി മുസ്ലിംങ്ങൾ തമ്മിലുള്ള വിവാഹം ഒരു സിവിൽ കരാറാണെന്നും ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസ് ഈ കരാറിന് കീഴിലുള്ള കൺസോർഷ്യത്തിനുള്ള അവകാശം നടപ്പിലാക്കുന്നതല്ലാതെ മറ്റൊന്നുമല്ലെന്നും ചൂണ്ടിക്കാട്ടി.
Comments