അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ തൊഴിൽ നൽകിയത് 17.31 ലക്ഷം പേർക്ക്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. അൻപതിനായിരം പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം മാത്രം 1.67 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്. എംപ്ലോയ്മെന്റ് എക്സ്റ്റേഞ്ചുകൾ വഴി തൊഴിൽ നൽകുന്നതിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. 2018-2019 മുതൽ ഇതുവരെ അപ്രന്റീസ്ഷിപ്പ് സ്കീമിന് കീഴിൽ ഫാക്ടറികളിൽ തൊഴിൽ ഉറപ്പാക്കുന്നതിന് പരിശീലനം ലഭിച്ച 2 ലക്ഷത്തോളം യുവാക്കള സംസ്ഥാന സർക്കാർ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച 30,000 യുവാക്കൾക്കാണ് അപ്രന്റീസ്ഷിപ്പിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് ഉത്തരവ് നൽകിയത്. 2021-22 ൽ മാത്രം 38,000 പേർക്ക് അപ്രന്റീസ്ഷിപ്പിന് അവസരം ഒരുക്കി. സംസ്ഥാനത്തെ അസംഘടിത മേഖലയിൽ നിന്നുള്ള 2 കോടിയിലധികം തൊഴിലാളികളിൽ 19.5 ലക്ഷം പേരുടെ രജിസ്ട്രേഷൻ ഇശ്രം പദ്ധതിയിലൂടെ നടപ്പാക്കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ജില്ല, താലൂക്ക്, വില്ലേജ് തലത്തിലുള്ള കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ വേഗത്തിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
Comments