ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി; സംസ്ഥാനത്തെത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

Published by
Janam Web Desk

എറണാകുളം : ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ്‌യാർഡിൽ എത്തി അദ്ദേഹം കപ്പൽ സന്ദർശിച്ചത്. ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി രാജീവ് എന്നിവരും ഉണ്ടായിരുന്നു. നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ഉപരാഷ്‌ട്രപതിയെ അനുഗമിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയ ഉപരാഷ്‌ട്രപതിയ്‌ക്കും കുടുംബത്തിനും ഊഷ്മള സ്വീകരണമാണ് നൽകിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ 10.45 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്‌ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എം പി, ടി.ജെ വിനോദ് എംഎൽഎ, എ ഡി ജി പി വിജയ് സാഖറെ, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, സ്റ്റേറ്റ് പ്രോട്ടോകോൾ ബി.സുനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. നാവിനസേനയുടെ ഗാർഡ് ഓഫ് ഓണർ ഉപരാഷ്‌ട്രപതി സ്വീകരിച്ചു.

സംസ്ഥാനത്തെത്തിയ ഉപരാഷ്‌ട്രപതി ഞായറാഴ്ചയും തിങ്കളാഴ്ചയും കൊച്ചി, കോട്ടയം ജില്ലകളിൽ നടക്കുന്ന വിവിധപരിപാടികളിൽ  പങ്കെടുക്കും. ചൊവ്വാഴ്ച കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

Share
Leave a Comment