ഒന്ന് ചിന്തിച്ചു നോക്കൂ, നിങ്ങൾ രാവിലെ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോകുവാൻ നിൽക്കുമ്പോൾ വീട്ടിലെ സ്റ്റെയർകേസ് കാണാതായാലോ? കാണാതെ പോകാൻ ഇതെന്താ വല്ല ചെരുപ്പോ, ആഭരണങ്ങളോ മറ്റോ ആണോ എന്ന് ചിന്തിക്കണ്ട. സംഗതി സത്യമാണ്. അറ്റ്ലാന്റയിലുള്ള ഒലീവിയ ക്രംപ് എന്ന യുവതിക്കാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്.
ഒലീവിയ രാവിലെ പുറത്ത് പോകാനായി തന്റെ അപ്പാർട്ട്മെന്റിന്റെ മുന്നിൽ എത്തിയപ്പോഴാണ് കോണിപ്പടി കാണാതായ വിവരം തിരിച്ചറിയുന്നത്. ഉടൻ തന്നെ ഒലീവിയ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.’യാതൊരു മുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ അപ്പാർട്ട്മെന്റിന്റെ സ്റ്റെയറുകൾ എടുത്തുമാറ്റിയാൽ എങ്ങനെയുണ്ടാവും’ എന്ന അടിക്കുറിപ്പോടെയാണ് ഒലീവിയ ദൃശ്യങ്ങൾ പങ്കുവെച്ചത്.
‘കോണിപ്പടിയുടെ അറ്റകൂറ്റപ്പണികൾക്കായാണ് ഇവ എടുത്ത് മാറ്റിയത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല. സ്റ്റെയർകേസ് ഇല്ലാത്തതിനാൽ മുറിക്കുള്ളിൽ ഞാൻ കുടുങ്ങിയത് മണിക്കൂറുകളാണ്’ ഒലീവിയ പറഞ്ഞു.
അറ്റ്ലാന്റ അപ്പാർട്ട്മെന്റിലെ രണ്ടാമത്തെ നിലയിലാണ് ഒലീവിയ താമസിക്കുന്നത്. ഇവർ പങ്കുവെച്ച വീഡിയോയിൽ കോണിപ്പടിയുടെ അടുത്തായി ഒരാൾ അറ്റകൂറ്റപ്പണി നടത്തുന്നതും കാണാം. സംഭവത്തിൽ തനിക്ക് പരാതിയില്ലെന്നും അറ്റകൂറ്റപ്പണികളെ കുറിച്ച് മുൻപേ അറിയിക്കാത്തതിനാൽ തന്റെ സമയം ധാരാളം നഷ്ടമായെന്നുമാണ് ഒലീവിയയുടെ പ്രതികരണം.
Comments