കൊച്ചി: മലയാളത്തിൽ ശക്തമായി ചുവടുറപ്പിച്ച് ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി+ഹോട്ട്സ്റ്റാർ. മലയാളി പ്രേക്ഷകർക്കായി ‘ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം’ എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജനുവരി 6ന് ബ്രോ ഡാഡിയുടെ ട്രെയ്ലർ ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം യൂട്യൂബ് ചാനലിലൂടെ റിലീസ്ചെയ്യും.
അല്പംവൈകിയാണ് ഡിസ്നി+ഹോട്ട്സ്റ്റാർ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലും കുറഞ്ഞ കാലയളവിൽ സബ്സ്ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻകുതിപ്പാണ് നേടിയിരിക്കുന്നത്.
നിവിൻപോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. തുടർന്നാണ് സമൂഹമാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ്സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കും.
‘ഡിസ്നിഡേ’ ആയ നവംബർ 12 ന് രാത്രി 12 മണിക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. സിനിമാ ആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങൾ സമ്മാനിച്ച ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളി പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്.
Comments