കൊച്ചി: സന്നദ്ധ പ്രവർത്തകരായ സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻസിസി, നാഷണൽ സ്കീം വോളന്റിയേഴ്സ് എന്നിവർക്ക് യാത്ര നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ. 50 ശതമാനം യാത്രാ നിരക്ക് നൽകിയാൽ മതിയെന്നും ജനുവരി 15-ാം തിയതി മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്നും കൊച്ചി മെട്രോ അറിയിച്ചു. ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ടിക്കറ്റ് കൗണ്ടറിൽ അർഹത തെളിയിയ്ക്കുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്ന് കെഎംആർഎൽ വ്യക്തമാക്കി.
സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻസിസി, നാഷണൽ സ്കീം വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ഇവർ സമൂഹത്തോടും രാജ്യത്തോടും പുലർത്തുന്ന അർപ്പണ മനോഭാവവും പരിഗണിച്ചാണ് യാത്രാ നിരക്കിൽ ഇളവ് നൽകുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
നേരത്തെ കേരള പിറവി ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും യാത്രക്കാർക്ക് നിരക്കിൽ ഇളവ് കെഎംആർഎൽ പ്രഖ്യാപിച്ചിരുന്നു. കൊറോണയെത്തുടർന്ന് യാത്രക്കാരിൽ കുറവ് സംഭവിച്ചത് മെട്രോ വരുമാനത്തെ ബാധിച്ചിരുന്നു. നിലവിൽ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിന് നിരവധി പദ്ധതികളാണ് കെഎംആർഎൽ നടപ്പാക്കി വരുന്നത്. അതിനനുസരിച്ച് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.
Comments