കൊച്ചി: മ്യൂസിക്കൽ സ്റ്റെപ്പുകൾക്ക് ശേഷം യാത്രക്കാരെ ആകർഷിക്കുന്ന മറ്റൊരു പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിങ് കിയോസ്ക് ഫുട്ബോൾ താരം ഐഎം വിജയൻ ഉദ്ഘാടനം ചെയ്തു.കൊച്ചി മെട്രോയുടെ എംജി റോഡിലെ സ്റ്റേഷനിലാണ് ചാർജ്ജിങ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.
തിരക്ക് പിടിച്ചുള്ള യാത്രയ്ക്ക് ഇടയിൽ ശരീരം ഫിറ്റായി സൂക്ഷിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്നും യുറോപ്പ്യൻ രാജ്യങ്ങളിൽ ഇത്തരം ചാർജിംഗ് ഉപകരണങ്ങൾ സാധാരണമാണെന്നും ഉദ്ഘാടന ചടങ്ങിൽ ഐ.എം. വിജയൻ പറഞ്ഞു.
മൊബൈൽ ഫോൺ, ലാപ് ടോപ്, പവർ ബാങ്ക് തുടങ്ങിയവ പെഡൽ ചവിട്ടിക്കറക്കി ചാർജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷൻ ചാർജിംഗ് കിയോസ്കാണ് കൊച്ചി മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്.
സ്റ്റാർട് അപ്പ് സംരംഭമായ സ്മാഡോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാർജ്ജിങ് സംവിധാനം വികസിപ്പിച്ചത്. സാധാരണ വൈദ്യുതിയിൽ ചാർജ് ചെയ്യുന്ന അതേ വേഗത്തിൽ റൈഡ് ഓൺ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം ഉപയോഗിച്ച് ചാർജ് ചെയ്യാം. യാത്രക്കാരിൽ വ്യായാമശീലം വളർത്തുക എന്നതും കൂടി ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ കൊച്ചി മെട്രോ ലക്ഷ്യമിടുന്നു.
Comments