ന്യൂഡൽഹി:കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മതത്തിൽ നിന്ന് കൂടുതൽ അകന്നത് മുസ്ലീം യുവാക്കളാണെന്ന് സർവേ ഫലം. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റീസ് കഴിഞ്ഞ ജൂലായ്,ഓഗസ്റ്റ്,മാസങ്ങളിൽ രാജ്യത്ത് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
2016 ലെ സർവേ പ്രകാരം മുസ്ലീം യുവാക്കളിൽ 97 ശതമാനം പേരും സ്ഥിരമായി മതപരമായ ജീവിതം നയിക്കുന്നവരായിരുന്നു. ഹിന്ദു-92 ശതമാനം,സിഖ്-92 ശതമാനം,ക്രിസ്ത്യൻ-91 ശതമാനം എന്നിങ്ങനെയായിരുന്നു മതാചാരങ്ങളോടെ ജീവിക്കുന്നവരുടെ കണക്ക്.
പുതിയ സർവേ പ്രകാരം 2016 നെ അപേക്ഷിച്ച് പ്രാർത്ഥന,നോമ്പ്,ആരാധനാലയ സന്ദർശനം,മതപരമായ പരിപാടികൾ കാണൽ എന്നിവ മുസ്ലീം സമുദായത്തിൽ കുറഞ്ഞു.11 ശതമാനം കുറവാണ് ഉണ്ടായത്.86 ശതമാനമായാണ് കുറഞ്ഞത്.
അതേ സമയം സിഖ് യുവാക്കളിൽ മതപരമായ ജീവിതം നയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്.96 ശതമാനമാണ് മതാചാരങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം.അതേ സമയം ഉത്സവങ്ങളോ പ്രത്യേക ചടങ്ങുകളോ ഇല്ലെങ്കിലും 82 ശതമാനം സിഖ് യുവാക്കൾ പ്രാർത്ഥനകൾ നടത്തുന്നുണ്ട്.
ഇന്ത്യൻ യൂത്ത്,ആസ്പിരേഷൻസ് ആൻഡ് വിഷൻ ഫോർ ദി ഫ്യൂച്ചർ എന്ന പേരിലാണ് സർവേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.ലോക്നീതിയുടെ ഗവേഷണ പരിപാടിയുടെ ഭാഗമായാണ് ജർമനിയിലെ തിങ്ക് ടാങ്ക് കെ.എ.എസുമായി സഹകരിച്ച് സർവേ നടത്തിയത്. 18 സംസ്ഥാനങ്ങളിലായി 18 നും 34 നും ഇടയിലുള്ള ആളുകൾക്കിടയിലാണ് സർവേ നടത്തിയത്.
Comments