മലപ്പുറം: മൻസിയ എന്ന നർത്തകി കേരളത്തിന് വേദനിക്കുന്ന ഓർമ്മയാണ്. കലയെ ഉപാസിച്ചതിന് കലാപകാരികൾ ഊരുവിലക്കിയ മൻസിയയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മതമൗലികത മുട്ടുമടക്കിയ കാഴ്ചയും നാം കണ്ടു. ഇപ്പോഴിതാ ജീവിതം കൊണ്ടാണ് മൻസിയയുടെ മറുപടി. ഒരു കലോപാസകനെ തന്നെ ജീവിതത്തിലേക്ക് ചേർത്തിരിക്കുകയാണ് ഈ നർത്തകി. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയെ സ്വന്തമാക്കിയത്.
ചെറുപ്പം മുതൽ മനസ്സിൽ കലയെ നെഞ്ചേറ്റിയ മൻസിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളിൽ പ്രാവീണ്യം നേടി. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. കുടുംബത്തിൽ നിന്ന് ലഭിച്ച വലിയ പിന്തുണയാണ് ഈ കലാകാരിയുടെ നേട്ടത്തിന് പിന്നിലെ പ്രേരകശക്തി. എന്നാൽ ഇതൊക്കെ മതമൗലികവാദികൾക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
മൻസിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ഇവർ ലക്ഷ്യം വച്ചു. ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് അവർ മതശാസനം നൽകി. ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ അനുവദിച്ചില്ല. ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടിട്ടും താൻ ഉപാസിച്ച കലയെ കൈവിടാൻ ഈ യുവ കലാകാരി തയ്യാറായില്ല. മൻസിയ ദൃഢനിശ്ചയത്തോടെ മുന്നേറാൻ തീരുമാനിച്ചപ്പോൾ എല്ലാം തടസ്സങ്ങളും വഴിമാറി. ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയം തുടങ്ങി. കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി ചെർന്നു.
ഇപ്പോഴും ഇസ്ലാമിസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ അതെല്ലാം അവഗണിക്കുകയാണ് പതിവ്. കലാജീവിതത്തിൽ മതം തടസ്സമാകുമെന്ന കണ്ട മൻസിയ ഇസ്ലാമിക ജീവിത രീതികൾ തന്നെ ഉപേക്ഷിച്ചു. പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ കലാകാരി ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതും ഒരു കലാകാരനെയാണെന്നത് ശ്രദ്ധേയമാണ്.
Comments