മമ്മൂട്ടിയേയും ദുൽഖറിനേയും പൃഥ്വിരാജിനേയും ഒക്കെ പോലെ മലയാള സിനിമയിൽ വണ്ടിപ്രാന്തുള്ള താരമാണ് ജോജു ജോർജ്ജും. ഇപ്പോഴിതാ മിനി കൂപ്പറിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നായ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കിയിരിക്കുകയാണ് ജോജു. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. സെസ്റ്റി യെല്ലോ നിറത്തിലുള്ളതാണ് ഈ വാഹനം. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.
192 എച്ച്പി പവറും 280 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മിനി കൂപ്പർ എസ് കൺവെർട്ടിബിളിന്റെ ഹൃദയം. ഈ എൻജിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വാഹനപ്രേമിയായ ജോജുവിന്റെ കൈവശമുള്ള ആദ്യ മിനി കൂപ്പറല്ല ഇത്. 2018ൽ ജോസഫിന്റെ വിജയം ആഘോഷിച്ചത് ഒരു മിനി കൂപ്പർ വാങ്ങിയായിരുന്നു.
മിനി കൂപ്പർ എസ് കൺവേർട്ടബിളിന് മുൻപ് ലാൻഡ് റോവർ ഡിഫൻഡറാണ് ജോജുവിന്റെ വാഹന ശേഖരത്തിലെത്തിയ പുത്തൻ താരം. കൊച്ചിയിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഈ വാഹനം പ്രവർത്തകർ തല്ലിപ്പൊളിച്ചത് വിവാദമായിരുന്നു. അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ റാൻഗ്ലർ എസ്യുവിയാണ് ജോജുവിന്റെ വാഹന ശേഖരത്തിലെ വമ്പൻ താരം. ഏകദേശം 73 ലക്ഷം ഓൺ റോഡ് വില വരുന്ന റാൻഗ്ലൻ എസ്യുവി കേരളത്തിൽ ആദ്യം സ്വന്തമാക്കിയ വ്യക്തികളിൽ ഒരാൾ ജോജുവാണ്.
















Comments