ഇടുക്കി; എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സുധാകരൻ രക്തദാഹിയായ രാഷ്‌ട്രീയക്കാരനാണെന്നും കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ അറിയില്ലെന്നും എഎ റഹീം വിമർശിച്ചു.
കൊലപാതകത്തെ ഇതുവരെ കോൺഗ്രസ് തള്ളിപ്പറയാത്തതാണ് വിഷയം കൂടുതൽ ക്രൂരമാക്കുന്നത്. സംഭവത്തിൽ സാങ്കൽപ്പിക കഥകൾ മെനയാൺ സുധാകരൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘങ്ങളിലൂടെയും അക്രമ രാഷ്‌ട്രീയത്തിലൂടെയും കേരളം പിടിക്കാനാണ് സുധാകരന്റെ ശ്രമമെന്നും റഹീം ആരോപിച്ചു.
എന്നാൽ കൊല കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഎമ്മാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ അക്രമ സംഭവങ്ങളിൽ മറ്റ് പാർട്ടികളെ കുറ്റപ്പെടുത്താൻ ധാർമിക അവകാശമില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മറുപടി നൽകി.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ ക്യാമ്പസിന് പുറത്ത് ഗേറ്റിന് സമീപം ഇന്നലെയായിരുന്നു എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments