ദിസ്പൂർ: 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ലവ്‌ലിന ബോർഗോഹെയ്ൻ ഇനി അസ്സം പോലീസിൽ ഡിവൈഎസ്പി. നേട്ടം സ്വന്തമാക്കിയ ഉടൻ ലവ്‌ലിനയ്‌ക്ക് നിയമനം നൽകുമെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇന്ന് നിയമന ഉത്തരവ് കൈമാറി.
സംസ്ഥാന മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരവ് മുഖ്യമന്ത്രി കൈമാറിയത്. പുതുതലമുറയ്‌ക്ക് പ്രചോദനവും പ്രോത്സാഹവനും നൽകുന്നതിന് ലവ്‌ലിനയുടെ ചരിത്ര നേട്ടം സഹായകരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ടോക്കിയോയിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ 64-69 കിലോ ഇനത്തിൽ വെങ്കല മെഡൽ നേട്ടം കൈവരിച്ചാണ് ലവ്‌ലിന രാജ്യത്തിന്റെ യശസ്സ് ഉയർത്തിയത്. അസ്സമിലെ ഗോലാഘട്ട് സ്വദേശിനിയായ ലവ്‌ലിന 2020 ൽ അർജ്ജുന പുരസ്‌കാരം നേടി. 2018 ലും 2019 ലും ലോക എഐബിഐ ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഈ യുവതാരം സ്വന്തമാക്കിയിട്ടുണ്ട്.
Comments