ലക്‌നൗ : ഉത്തർപ്രദേശിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയൂബ് എന്നറിയപ്പെടുന്ന ഹഖ്‌ല, അഫ്‌സർ അലി, ഷൗലത്ത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി രുദ്രാപൂരിലായിരുന്നു സംഭവം. പ്രതികൾ തെരുവുകളിൽ മേയുകയായിരുന്ന പശുക്കളെ എത്തിച്ച് കൂട്ടത്തോടെ കശാപ്പ് ചെയ്യുകയായിരുന്നു. തുടർന്ന് ഇറച്ചി പലയിടങ്ങളിലായി എത്തിച്ച് വിറ്റു. കശാപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്ത് പേരോളം സംഘത്തിൽ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ പശു കശാപ്പ് നിയമത്തിലെ മൂന്ന് മുതൽ എട്ടുവരെയുള്ള വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295, 34, 120 ബി എന്നീ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. അഫ്‌സർ അലി, ഷൗലത്ത് അലി എന്നിവരെ ഖിദാർപൂരിൽ നിന്നും, അയൂബിനെ ജഫർപൂരിൽ നിന്നുമാണ് പിടിച്ചെടുത്തത്. പ്രതികളെല്ലാവരും റാംപൂരിലെ സ്വർ ടൗൺ നിവാസികളാണ്.
Comments