വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിനിടയിൽ ആശ്വാസമായി അമേരിക്കൻ ഗവേഷകരുടെ പഠനം. വൈറസിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നും അണയാൻ പോകുന്ന തീ ആളികത്തുന്നത് പോലെയാണ് ഇപ്പോഴുള്ള തീവ്ര വ്യപാനമെന്നും അമേരിക്കൻ ആരോഗ്യ ഗവേഷകർ പറയുന്നു. വാഷിംഗ്ടണിൽ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോക്ടർ കുതുബ് മഹമൂദാണ് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകിയത്.
‘വൈറസിന് വകഭേദങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ മനുഷ്യ ശരീരത്തിൽ സ്വമേധയാ ഉൽപാദിപ്പിക്കപ്പെടുന്നു. അതായത്, മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതിനനുസരിച്ചാണ് വൈറസിന് വകഭേദമുണ്ടാകുന്നത്. ഇത്തരത്തിൽ മനുഷ്യന്റെ പ്രതിരോധ ശേഷി വർദ്ധിക്കുമ്പോൾ, വൈറസിന് ഒരു രക്ഷയുമില്ലാതെയാകുന്നു’ ഡോക്ടർ കുതുബ് മഹമൂദ് പറഞ്ഞു.
ചെസ്സ് കളിയിൽ കരുക്കൾ നീക്കുന്നതിനെ ഉദാഹരണമാക്കി നമുക്ക് ഇതിനെ മനസ്സിലാക്കാം. ചെസ്സിലെ ഒരു കളിക്കാരൻ മനുഷ്യനും, എതിരാളി വൈറസുമാണ്. നമ്മൾ മാസ്‌ക്, സാനിറ്റൈസർ, വാക്‌സിൻ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ മുന്നോട്ട് വെയ്‌ക്കുമ്പോൾ, എതിരാളിയായ വൈറസ് പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് കരുക്കൾ നീക്കുന്നു. ഒരു പരിധി കഴിയുമ്പോൾ, വൈറസിന് ജനിതക മാറ്റം സംഭവിക്കാതെയാകും. അപ്പോഴും മനുഷ്യന്റെ കരുക്കൾ ബാക്കിയാകും. അങ്ങനെ, ഈ ചെസ്സ് കളിയിൽ മനുഷ്യൻ ജയിക്കുന്നു എന്ന് ഡോക്ടർ കുതുബ് മഹമൂദ് വ്യക്തമാക്കി.
അതേസമയം, അർഹരായ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിൽ ആളുകൾക്ക് പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയ ഇന്ത്യയുടെ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനെ ‘അതുല്യമായ ഉൽപ്പന്നം’ എന്നാണ് കുതുബ് മഹമൂദ് വിശേഷിപ്പിച്ചത്. രണ്ട് വയസുള്ള കുഞ്ഞുങ്ങൾക്ക് പോലും ഇത് സുരക്ഷിതമാണെന്നും പൂർണ ഫലം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments