ചെന്നൈ : തമിഴ്‌നാട്ടിൽ ഗണേശ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ അടിച്ചു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. അടുത്തിടെ ഹിന്ദുമതം ഉപേക്ഷിച്ച ദിണ്ടുഗൽ സ്വദേശി ബാലകൃഷ്ണയാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇയാൾ ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ അടിച്ചു തകർത്തത്.
ദിണ്ടുഗലിലെ വാദാമുദുരൈയിലെ ഗണേശ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുട്ടിന്റെ മറപറ്റി ക്ഷേത്രത്തിലേക്ക് അതിക്രമിച്ചു കടന്ന ബാലകൃഷ്ണ വിഗ്രഹങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. ഒരു ഗണേശ വിഗ്രഹവും, നാല് നാഗവിഗ്രഹങ്ങളുമാണ് ഇയാൾ തകർത്തത്. ഇതേ ദിവസം തന്നെ ഇയാൾ സമീപമുള്ള വീരഭദ്ര, രാവണേശ്വര ക്ഷേത്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണ ഉപകരണങ്ങളും നശിപ്പിച്ചിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ബാലകൃഷ്ണ പിടിയിലാകുന്നത്.
സംസ്ഥാനത്ത് ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്ഷേത്രം ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ പതിവ് ആകുകയാണ്. പെരാമ്പല്ലൂർ ജില്ലയിൽ ഇതിനോടകം 10 ഓളം ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരം സംഭവങ്ങളിൽ പിടികൂടുന്നവർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുക്കുന്നതെന്നാണ് ഹിന്ദു സംഘടനകളിൽ നിന്നും ഉയരുന്ന ആക്ഷേപം.
Comments