ലണ്ടൻ : ബ്രിട്ടൺ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ സ്വന്തം പാർട്ടി പ്രവർത്തകർ ഉൾപ്പെടെ തിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ തീരുമാനമായത്. 2020 ൽ ലോക്ഡൗൺ കാലത്ത് ഡൗൺ സ്ട്രീറ്റ് ഗാർഡനിൽ ബോറിസ് ജോൺസൺ മദ്യസത്കാരം നടത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ ബോറിസ് ജോൺസൺ രാജിവെച്ച് പുറത്തുപോകാൻ സാദ്ധ്യതയുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഇന്ത്യൻ വംശജൻ ഋഷി സുനകും ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ധനമന്ത്രിയായ ഋഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനും സാദ്ധ്യതയേറെയാണ്. അങ്ങനെയാണെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും അദ്ദേഹം. ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേലിന്റെ പേരും ഉയർന്ന് വരുന്നുണ്ട്.
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും മികച്ച പാർലമെന്റേറിയനുമാണ് ഋഷി സുനക്. യു കെയിൽ തന്നെ ജനിച്ച് വളർന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകരായിരുന്നു. ഓക്സ്ഫോർഡ് സ്റ്റാൻഫോർഡ് സർവ്വകലാശാലകളിലായി പഠനം പൂർത്തിയാക്കിയ റിഷി വിവാഹം കഴിച്ചിരിക്കുന്നത് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ്.
2015 ൽ യോർക്ക്ഷെയറിന്റെ എം.പിയായി യുകെ പാർലമെൻറിലെത്തിയ ഋഷി വളരെ വേഗത്തിലാണ് പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നത്. ബ്രക്സിറ്റിനെ അനുകൂലിച്ച് ബോറിസ് ജോൺസണൊപ്പം നില കൊണ്ട് യൂറോപ്യൻ യൂണിയൻ വിടാനുള്ള തന്ത്രത്തെ ശക്തമായി പിന്തുണച്ചത് റിഷിയായിരുന്നു.
Comments