പ്രചാരണം വ്യാജം; ഹൃദയം റിലീസ് മാറ്റിയിട്ടില്ല; കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ആവേശത്തോടെ സിനിമ കാണാൻ വരൂ…വിനീത് ശ്രീനിവാസൻ

Published by
Janam Web Desk

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ നാളെ തന്നെ തീയറ്ററുകളിൽ എത്തും. വിനീതാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ, സർക്കാർ ഇന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. അതിനു പിന്നാലെ ഹൃദയത്തിന്റെ റിലീസ് മാറ്റി വെച്ചു എന്ന് പല അഭ്യൂഹങ്ങളും പരന്നു. ഇതിന് ശേഷമാണ് വിനീത് പ്രതികരണവുമായി രംഗത്തെത്തിയത്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്…

സൺഡേ ലോക്ക്‌ഡൗൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ…. നാളെ തീയേറ്ററിൽ കാണാം.

പ്രണയവും, കോളേജ് കാലഘട്ടങ്ങളും എല്ലാമായി പ്രേക്ഷക മനസ്സുകൾ നിറക്കുന്ന ചിത്രമായിരിക്കും ഹൃദയമെന്നാണ് ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ ആരാധകർ അഭിപ്രായപ്പെട്ടത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. 42 വർഷങ്ങൾക്ക് ശേഷം സിനിമാ നിർമ്മാണത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന മെറിലാൻഡ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.

450ഓളം തീയറ്ററുകളിലാണ് ഹൃദയം പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്ന തീയറ്ററുകളുടെ പട്ടികയും വിനീത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

Share
Leave a Comment