ടൊറൻഡോ: യുഎസ്- കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കൊടും ശൈത്യത്തിൽപ്പെട്ട് മരിച്ചു. ഒരു കൈക്കുഞ്ഞ് അടക്കം നാല് പേരാണ് മരിച്ചത്. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വ്യക്തമാക്കി. നാലംഗ കുടുംബത്തിന്റെ മരണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിനിടെ ഇന്ത്യക്കാർ മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎസ്സിലേും കാനഡയിലേയും ഇന്ത്യൻ അംബാസിഡർമാരോട് അടിയന്തിരമായി പ്രതികരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതിർത്തിയിൽ കാനഡ ഭാഗത്ത് എമേഴ്‌സ് പ്രദേശത്ത് നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രണ്ട് മുതിർന്നവരുടേയും ഒരു കൗമാരപ്രായത്തിലുള്ള കുട്ടിയും ഒരു കുഞ്ഞിന്റേയും മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊടും തണുപ്പിനെ തുടർന്ന് മരണപ്പെട്ട ഇവരെ ഉപേക്ഷിക്കുകയാണെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ ഫ്‌ലോറിഡ സ്വദേശിയായ സ്റ്റീവ് ഷാൻഡ് എന്നയാളെ അറസ്റ്റ് ചെയ്തതായി യുഎസ് അറ്റോണി ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. രേഖകളില്ലാതെ രണ്ട് ഇന്ത്യൻ പൗരന്മാരോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
സ്റ്റീവ് ഷാൻഡിന്റെ അറസ്റ്റിന് പിന്നാലെ അഞ്ച് ഇന്ത്യക്കാരെ കൂടി പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയതായാണ് വിവരം. കഴിഞ്ഞ 11 മണിക്കൂറായി തങ്ങൾ നടക്കുകയാണെന്ന് പിടിയിലായവർ പറയുന്നു. ഇവരുടെ കൈവശം ഒരു കുഞ്ഞിന്റെ ഡയപ്പർ, കളിപ്പാട്ടം ഭക്ഷണം എന്നിവയുണ്ടായിരുന്നു. നാലംഗ കുടുംബത്തെ യാത്രക്കിടെ കാണാതായെന്നും അവരുടേതാണ് ഇവയെന്നും പിടിയിലായവർ പറഞ്ഞതായി പോലീസ് പറഞ്ഞു.
















Comments