തിരുവനന്തപുരം : വിമർശനങ്ങൾക്കൊന്നും ചൈനയെ സ്തുതിയ്‌ക്കുന്ന തന്റെ വായടപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ പുകഴ്‌ത്തുമെന്ന് കോടിയേരി വ്യക്തമാക്കുന്നത്. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യത്തിൽ സിപിഎം സോഷ്യലിസ്റ്റ് പക്ഷത്താണ് നിലകൊള്ളുന്നതെന്നും, കോൺഗ്രസും, ബിജെപിയും അമേരിക്കൻ സാമ്രാജ്യത്വ പക്ഷത്താണെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിന്റെ വഴിഞ്ഞൊഴുകുന്ന ചൈന സ്‌നേഹം പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നയം എന്തെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവരുന്നത്. ബിജെപിയുടെയും, കോൺഗ്രസിന്റെയും ചൈന വിരുദ്ധതയെയും അദ്ദേഹം ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചൈന പട്ടിണി തുടച്ചുമാറ്റിയതും, സാമ്പത്തിക മേഖലയിലെ ഉയർച്ചയും മോദി സർക്കാരിന് ഇഷ്ടമാകുന്നില്ലെന്നാണ് കോടിയേരിയുടെ വാദം. ലേഖനത്തിൽ ചൈന വിരുദ്ധത പ്രകടമാക്കുന്ന കോൺഗ്രസിനെതിരെയും വിമർശനമുണ്ട്. ചൈനയുമായി നല്ല ബന്ധത്തിനു ശ്രമിച്ച മുൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ കോൺഗ്രസിന് രാജ്യദ്രോഹമാണെന്നും കോടിയേരി വിമർശിക്കുന്നു.
പാർട്ടിയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന ചൈനാ സ്‌നേഹത്തിനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് കോടിയേരിയുടെ ലേഖനം. മാത്രമല്ല കോട്ടയം ജില്ലാ സമ്മേനത്തിൽ ചൈനയെ പ്രകീർത്തിച്ച പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും കോടിയേരി ശ്രമിക്കുന്നുണ്ട്.
















Comments