പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ മലയാളി മനസ്സ് കീഴടക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളും ഹൗസ്ഫുൾ ആയി എന്നാണ് റിപ്പോർട്ടുകളുമുണ്ട്. സംവിധായകൻ വിനീത് ശ്രീനിവാസനും തന്റെ സ്വന്തം സിനിമ കണ്ടത് ആരാധകർക്കൊപ്പം തിയേറ്ററിൽ ഇരുന്നാണ്.
തിയേറ്ററിൽ ഇരുന്ന് ഈ സിനിമ ഇപ്പോഴാണ് കാണുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം വിനീത് പറഞ്ഞത്. രണ്ടര കൊല്ലമായി ചിത്രത്തിന്റെ പുറകിലായിരുന്നു. എല്ലാം ഉളളിൽ വെച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടിൽ പോയി എനിക്കൊന്ന് പൊട്ടിക്കരയണമെന്നും വിനീത് പറഞ്ഞു.
എല്ലാവരും ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണണം എന്നാണ് പറയാനുള്ളത്. ഒരു പ്രശ്‌നം നടക്കുമ്പോഴാണ് നമുക്ക് ഒരു പ്രതീക്ഷയുണ്ടാകുക. ഒരുപാട് സിനിമകളും റിലീസ് മാറ്റിയപ്പോഴും ഈ ചിത്രം മാറ്റേണ്ട എന്നു തീരുമാനിച്ചത്, തിയറ്ററുകളിൽ സിനിമ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന് വിചാരിച്ചാണ്. ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ചിത്രത്തിന്റെ റിലീസ് മാറ്റാതിരുന്നത് ഈ സിനിമയുടെ നിർമാതാവായ വിശാഖിന്റെ ധൈര്യത്തിലാണ്.
‘ഹൃദയം’ ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ്. അതിൽ ബിസിനസ് ഇടകലർത്തിയിട്ടില്ല. സിനിമ ആളുകളിലേക്ക് എത്തണമെന്നതാണ് പ്രധാനമെന്നും വിനീത് പറഞ്ഞു. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിനാണ് വിനീത് എത്തിയത്.
Comments