കൊച്ചി : അങ്കമാലിയിൽ കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അതിർത്തി കല്ലുകൾ പിഴുതെടുത്തവർക്കെതിരെ പ്രതികാര നടപടി. കല്ലുകൾ എടുത്ത് മാറ്റിയവർക്കെതിരെ പോലീസ് കേസ് എടുത്തു. 14 പേർക്കെതിരെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് കേസ് എടുത്തത്.
കെ-റെയിൽ വിരുദ്ധ സമര സമിതി നേതാക്കളായ എസ് രാജീവൻ, എം.ബി ബാബുരാജ്, പഞ്ചായത്ത് അംഗം നിതിൻ സാജു , ജെയിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചിരിക്കന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് നടപടി. കല്ലുകൾ പിഴുതുമാറ്റിയതിലൂടെ 25,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാണ് അധികൃതരുടെ വാദം.
കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അങ്കമാലിയിലെ ആളുകളിൽ നിന്നും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേസ് എടുത്ത് എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള പോലീസ് നീക്കം. പാറക്കടവ് വില്ലേജിൽ പുളിയനം, ത്രിവേണി, പാരണി എന്നീ പാടശേഖരങ്ങളിൽകൂടിയാണ് കെ-റെയിൽ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇതാണ് സമരക്കാർ പിഴുതെറിഞ്ഞത്. ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പോലീസിന്റെ സഹായത്തോടെയാണ് മേഖലയിൽ സ്ഥലപരിശോധനയും, അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അധികൃതർ മുന്നോട്ടുകൊണ്ടുപോകുന്നത്.
















Comments