ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധംസ്ഥാപിച്ച് 30 വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി പ്രത്യേക വീഡിയോ സന്ദേശം നൽകി.
നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി ശക്തമായ ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ കാലഘട്ടം ഇരു രാജ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണ്.ഇന്ത്യ-ഇസ്രായേൽ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ ഇതിലും നല്ല സമയം ഉണ്ടാകില്ല. ലോകം സുപ്രധാന മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ -ഇന്ത്യ- ഇസ്രായേൽ ബന്ധത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. വരും ദശകങ്ങളിൽ ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിലും പരസ്പര സഹകരണത്തിലും പുതിയ നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1950 സെപ്തംബർ 17 ന് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചിരുന്നുവെങ്കിലും 1992 ജനുവരി 29 നാണ് രാജ്യങ്ങൾ തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടത്. അതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി വികസിക്കുകയായിരുന്നു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള 30 വർഷത്തെ സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തീൻ മൂർത്തി ഹൈഫ ചൗക്ക് ഇന്ന് ഇരു രാജ്യങ്ങളുടേയും പതാകളുടെ നിറങ്ങളിൽ പ്രകാശിപ്പിച്ചിരുന്നു.
നേരത്തെ തീൻ മൂർത്തി ചൗക്ക് എന്നറിയപ്പെട്ടിരുന്ന ഇത് മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശന വേളയിൽ 2018 ജനുവരിയിൽ തീൻ മൂർത്തി ഹൈഫ ചൗക്ക് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
Comments