അമൃതസർ: 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആദ്യസെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ തിളച്ചു മറിയുകയാണ് അഞ്ച് സംസ്ഥാനങ്ങൾ. പഞ്ചനദികളുടെ നാടായ പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് ജീവൻമരണ പോരാട്ടമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ കോൺഗ്രസ് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബിന്റെ മണ്ണിൽ ആര് വീഴും ആര് വാഴും എന്ന പ്രവചനം അസാധ്യം. അഞ്ചോടിഞ്ചിൽ പഞ്ചാബിൽ നടക്കുന്നത് തീപാറും പോരാട്ടം. ശക്തമായ ചതുഷ്‌കോണ മത്സരത്തിന്റെ വീറും വാശിയും പ്രകടമാക്കി പ്രചാരണം കൊഴുപ്പിക്കുയാണ് രാഷ്‌ട്രീയ പാർട്ടികൾ.
പഞ്ചാബ് പഴയ പഞ്ചാബല്ല. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് രംഗം ആകെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. ആർക്കും ഒന്നും പ്രവചിക്കാൻ പറ്റാത്ത അസാധാരണമായ സാഹചര്യം. രാഷ്‌ട്രീയ പാർട്ടികൾ പുതിയ സഖ്യങ്ങളും നിലപാടുകളുമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങി കൊണ്ടും കൊടുത്തും മുന്നേറുകയാണ്. ഒറ്റഘട്ടമായി സംസ്ഥാനം ഫെബ്രുവരി 20 ന് വിധിയെഴുതും. ആകെയുള്ള 117 നിയമസഭാ സീറ്റുകളിലേയ്‌ക്ക് ഒറ്റഘട്ടമായാണ് പോളിംഗ് നടക്കുക.
2017 ലെ തിരഞ്ഞെടുപ്പിൽ 77 സീറ്റുനേടി ഭരണത്തിലെത്തിയ കോൺഗ്രസ്സിന്റെ സ്ഥിതി ഇത്തവണ പരുങ്ങലിലാണ്. രണ്ട് തവണ തങ്ങളെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ച അമരീന്ദർ സിംഗ് പാർട്ടിവിട്ടതാണ് കോൺഗ്രസിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ നവജോത്സിംഗ് സിദ്ദുവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെതുടർന്ന് കോൺഗ്രസ് വിട്ട അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. 65 ഇടങ്ങളിൽ ബിജെപിയും അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 മണ്ഡലങ്ങളിലും മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ സന്യുക്ത് 15 സീറ്റുകളിലും മത്സരിക്കുന്നു.
സീറ്റ് വിഭജനമെല്ലാം നേരത്തെ പൂർത്തിയാക്കി ബിജെപി മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറികഴിഞ്ഞു. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയും സിദ്ദുവും തമ്മിലുള്ള അധികാര വടംവലി പരിഹരിക്കാൻ കഴിയാതെ ഉഴലുകയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം. ഇക്കാരണത്താൽ തന്നെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം സംസ്ഥാനത്ത് കുത്തഴിഞ്ഞ് കിടക്കുകയാണ്. ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ഉൾപ്പോരും കോൺഗ്രസിന് ക്ഷീണമുണ്ടാക്കുമെന്ന് എല്ലാ തിരഞ്ഞെടുപ്പ് സർവ്വെകളും വിലയിരുത്തുന്നു.
3 പതിറ്റാണ്ടുകാലത്തെ ബിജെപി സഖ്യം അവസാനിപ്പിച്ച് മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിക്കുകയാണ് ഇത്തവണ ശിരോമണി അകാലിദൾ. കാർഷിക നിയമത്തിന്റെ പേരിൽ എൻഡിഎ സഖ്യം വിട്ട അകാലിദൾ കർഷക സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കർഷക സംഘടനകൾ പലമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അകാലിദളിന് തിരിച്ചടിയാണ്. കഴിഞ്ഞ തവണ നേടിയ 15 സീറ്റുകളിൽ ഇത്തവണ കുറവുണ്ടായാൽ അകാലിദളിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടും. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് ചരിത്രപരമായ മണ്ടത്തരമെന്നാണ് പാർട്ടിയുടെ പലമുതിർന്ന നേതാക്കളുടെയും വിലയിരുത്തൽ. എന്നാൽ അകാലിദൾ വിട്ടുപോയ നഷ്ടം അമരീന്ദർ സിംഗിന്റെ എൻഡിഎ പ്രവേശനത്തിലൂടെ നികത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
2017 ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20 സീറ്റുകൾ നേടി കരുത്തുകാട്ടിയ ആംആദ്മി പാർട്ടിയുടെ സാന്നിധ്യം ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യത്തിന് തുണയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ലോക്‌സഭാംഗമായ ഭഗവന്ത് മാനായിരിക്കും മുഖ്യമന്ത്രിയെന്ന് ആംആദ്മി പ്രഖ്യാപിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ സീറ്റുകൾ പാർട്ടിയ്‌ക്ക് നിലനിർത്താൻ കഴിയില്ലെന്നാണ് ചില അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ തന്നെയാണ് പഞ്ചാബിലെയും ആംആദ്മിയുടെ താരപ്രചാരകൻ.
പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചതുഷ്‌കോണ മത്സരത്തിന് അങ്കത്തട്ടൊരുങ്ങുന്നത്. അക്കാരണത്താൽ തന്നെ എല്ലാവർക്കും അഭിമാന പോരാട്ടം തന്നെ. വലിയ അടിയൊഴുക്കുകൾ കണക്കുകൂട്ടുമ്പോഴും പാർട്ടികളുടെ പ്രചാരണ കോലാഹലങ്ങൾക്ക് കുറവില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോരാട്ടം പൊടിപാറുകയാണ് പഞ്ചാബിൽ.
Comments