കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഐസിയുവില്‍ 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു.
വാവ സുരേഷ് അപകടനില തരണം ചെയ്തുവെന്ന് മന്ത്രി വി.എന്‍.വാസവനും വ്യക്തമാക്കി. ആരോഗ്യനിലയില്‍ പ്രതീക്ഷയുണ്ട്. കൈകാലുകള്‍ അനക്കി തുടങ്ങി. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും വാസവന്‍ വ്യക്തമാക്കി.
വാവ സുരേഷിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും വലിയ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും ആശുപത്രിയില്‍ നിന്ന് വാവ സുരേഷിന് നല്‍കുന്നുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ ഇന്നലെ വൈകിട്ടാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.
Comments