കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാ സദനത്തിൽ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നടപടി.വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു.സൂപ്രണ്ടിനെ സ്ഥലം മാറ്റി.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.വനിത ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.കഴിഞ്ഞയാഴ്ചയാണ് വെള്ളിമാട്കുന്ന് ബാലികാസദനത്തിലെ ആറ് പെൺകുട്ടികൾ പുറത്ത് കടന്നത്. ബാലികാ മന്ദിരത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ബെംഗളൂവിരിൽ നിന്നും നാല് പെൺകുട്ടികളെ മലപ്പുറം എടക്കരയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് യുവാക്കളെയും ഇവർക്കൊപ്പം പിടികൂടിയിരുന്നു.
തുടർന്ന് പെൺകുട്ടികൾക്കൊപ്പം പിടികൂടിയ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്‌സോ പ്രകാരമായിരുന്നു കേസ്. ഒളിച്ചോട്ടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടികളിലൊരാൾ ആത്മഹത്യ ശ്രമം നടത്തുകയും മറ്റൊരു പെൺകുട്ടിയെ അമ്മയുടെ അപേക്ഷയിൽ ഒപ്പം വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളോട് പോക്‌സോ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് കുട്ടികൾ വിളിച്ചു പറഞ്ഞു.
പെൺകുട്ടികളുമായുള്ള ചർച്ചയ്‌ക്ക് ശേഷം ബാലികാമന്ദിരത്തിൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുമെന്നും കുട്ടികളുടെ പരാതിയിൽ പരിഹാരം കാണുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഉറപ്പ് നൽകിയിരുന്നു.
















Comments