കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. 5 വിക്കറ്റിന് 290 റൺസാണ് ഇന്ത്യൻ യുവനിര എടുത്തത്. മദ്ധ്യനിരയിൽ നായകൻ യാഷ് ധുല്ലിന്റെ സെഞ്ച്വറിയും(110) ഉപനായകൻ ഷേഖ് റഷീദിന്റെ സെഞ്ച്വറിക്കൊത്ത (94) പ്രകടനവുമാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ ആങ്കിർഷ്(6), ഹർണൂർ സിംഗ്(16) എന്നിവർ എളുപ്പം പുറത്തായെങ്കിലും മൂന്നാംവിക്കറ്റിൽ ഷേഖ് റഷീദും യാഷും നിലയുറപ്പിച്ചതോടെ ഇന്ത്യ കരകയറി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 204 റൺസ് നേടി ഓസീസിനെ ഞെട്ടിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും ഓസീസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് നായകന്റെ നേതൃത്വത്തിൽ യുവനിര ശക്തമായി തിരിച്ചടിച്ചത്.
അപകടകരമായ ഒരു ഷോട്ട് പോലും അടിക്കാതെ കരുതലോടെ നടത്തിയ ഇന്നിംഗ്‌സ് ഇന്ത്യക്ക് കരുത്തായി യാഷ് 110 പന്തിൽ 110 റൺസ് അടിച്ചപ്പോൾ അതിൽ 10 ഫോറും ഒരു സിക്‌സറുമാണുണ്ടായത്. ഷേഖ് 108 പന്തിൽ സെഞ്ച്വറിക്ക് ആറു റൺസകലെ വീണെങ്കിലും മനോഹരമായ ഇന്നിംഗ്‌സിൽ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമാണുണ്ടായത്.
മദ്ധ്യനിരയിൽ രാജ്‌വർദ്ധനാണ്(13) പുറത്തായ മറ്റൊരു ബാറ്റർ. നിഷാന്ത് സിന്ധു(12), ദിനേഷ് ബാനാ(20) എന്നിവർ പുറത്താകാതെ നിന്നു. ഓസീസിനായി ജാക് നിസ്ബറ്റ്, വിൽ സാൽസ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ടൂർണ്ണമെന്റിലെ ആദ്യ സെമിയിൽ ഇത്തവണത്തെ കറുത്തകുതിരകളായി മാറിയ അഫ്ഗാനിസ്ഥാനെ 15 റൺസിന് മറികടന്ന് ഇംഗ്ലണ്ട് ഫൈനലിലെത്തിയിട്ടുണ്ട്.
















Comments