തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ. കെ റെയിലിന് എതിരല്ലെന്നുള്ള പ്രസ്താവന കെ സുധാകരൻ തിരുത്തി. കെ റെയിലിന് അനുകൂലമാണെന്ന നിലയിലുള്ള പ്രചാരണം തെറ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വാർത്തകൾ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കോൺഗ്രസ് അനുകൂലമാണെന്ന് മാദ്ധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.
കെ റെയിലിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല. അതിവേഗ റെയിൽപാതയ്‌ക്ക് എതിരല്ലെന്ന എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഡിപിആർ ഉണ്ടാക്കി സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനുള്ള ബാധ്യത സർക്കാറിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയിലിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. അനുമതി ലഭിക്കാതെ ഭൂമി മുഴുവൻ ഏറ്റെടുക്കാൻ നാടു നീളെ പോലീസിന്റെ സഹായത്തോടെ കല്ലിടാൻ പോകുന്ന സർക്കാറിന് ഭ്രാന്ത് ആണോ എന്ന് അദ്ദേഹം ചോദിച്ചു.ധനമന്ത്രിയും സർക്കാറും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ അദ്ദേഹം കെ റെയിലിന് എതിരല്ലെന്നും ചെയ്തത് നിയമ വിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണമെന്നും പറഞ്ഞിരുന്നു.പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണം.
പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാൽ പിന്തുണയ്‌ക്കുമെന്നായിരുന്നു അദ്ദേഹം ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കെപിസിസി പ്രസിഡന്റിന്റെ ഈ പ്രസ്താവനയ്‌ക്ക് ശേഷം കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി സുധാകരൻ രംഗത്തെത്തിയത്.
Comments