ദുബായ്: ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഫെബ്രുവരി 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്‌ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഉദ്ഘാടന തിയതി അറിയിച്ചത്. കണ്ണുകളെ അദ്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികളുടെ കേന്ദ്രമാണ് ദുബായ്. അക്കൂട്ടത്തിൽ ഏവരേയും ആകർഷിക്കുന്നതാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ.
ഷെയ്‌ക്ക് സായിദ് റോഡിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങളും ഷെയ്‌ക്ക് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭൂമിയിലെ മനോഹരമായ കെട്ടിടം എന്നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ ഷെയ്‌ക്ക് മുഹമ്മദ് വിശേഷിപ്പിച്ചത്. മുട്ടയുടെ ആകൃതിയിൽ സ്റ്റീലിൽ തിളങ്ങുന്ന അറബ് കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശിൽപ ഭംഗി ആരെയും ആകർഷിക്കുന്നതാണ്.
നാഷണൽ ജിയോഗ്രഫിക് തയ്യാറാക്കിയ പട്ടികയിലാണ് ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി മ്യൂസിയം ഓഫ് ഫ്യൂച്ചർ ഇടം പിടിച്ചത്. വാസ്തു വിദ്യ, രൂപകൽപന, എന്നിവയിലും മ്യൂസിയം ഓഫ് ഫ്യൂച്ചർ മികച്ചതായി നിൽക്കുന്നു. 30,000 സ്‌ക്വയർ മീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന തൂണുകളില്ലാത്ത ഏഴു നില നിർമ്മിതിക്ക് 77 മീറ്റർ ഉയരമുണ്ട്. 17000 സ്‌ക്വയർ മീറ്ററിൽ അധികമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച ഇത് പൂർണമായും റോബോട്ടുകൾ നിർമ്മിച്ച 1024 പ്ലേറ്റുകളാണ് ഉൾക്കൊള്ളുന്നത്. പ്രമുഖ ഇമാറാത്തി കലാകാരൻ മത്വാർ ബിൻ ലഹ്ജാണ് 14000 മീറ്റർ ഇല്യമിനേറ്റഡ് കാലിഗ്രാഫി വരച്ചെടുത്തത്.
Comments