തിരുവനന്തപുരം: നയതന്ത്രബാഗ് വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച് ബിജെപി ആരോപിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കറിന്റെ പുസ്തകം സർക്കാറിനെ വെള്ളപൂശാനാണെന്നും കള്ളക്കടത്തിന് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കുറ്റാരോപിതനായ ശിവശങ്കറിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലൂടെ ബിജെപി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് വെളിപ്പെടുകയാണ്. സ്വർണകള്ളക്കടത്ത് കേസ് സംബന്ധിച്ച് ഏജൻസികളുടെയെല്ലാം അന്വേഷണം വരുന്നതിന് മുൻപേ തന്നെ ബിജെപിക്ക് കാര്യങ്ങൾ വ്യക്തമായതാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്ന് അന്നേ പറഞ്ഞതാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിന് മുൻപും പല തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രബാഗ് വഴി സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് പിടിക്കപ്പെട്ടത്. ബാക്കിയുള്ള ബാഗുകളെല്ലാം പുറത്തെത്തിച്ചത് ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്താണ് ശിവശങ്കരൻ ബാഗുകൾ പുറത്തെത്തിച്ചത്. ഇത് മുഖ്യമന്ത്രിയ്‌ക്ക് താൽപര്യമുള്ള വിഷയമാണെന്ന് പറഞ്ഞാണ് പല ബാഗുകളും പുറത്തെത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സമ്മർദ്ദം ഉണ്ടായിട്ടും കസ്റ്റംസ്, ബാഗ് വിട്ട് നൽകാതെ കേന്ദ്ര ധനമന്ത്രാലയുമായി ബന്ധപ്പെട്ട് ബാഗ് തുറക്കാനുള്ള നടപടികൾ നടത്തി. ഇതാണ് പിന്നീട് കേരളത്തിലെ സംഭവ ബഹുലമായ സ്വർണക്കടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലായത്. കേന്ദ്രത്തിൽ നിന്ന് കേസന്വേഷണത്തിനായി ഏജൻസികൾ എത്തിയത് അട്ടിമറിക്കാൻ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
വിമാനത്താവളത്തിൽ ബാഗെത്തി അഞ്ച് ദിവസം കഴിഞ്ഞാണ് കസ്റ്റംസിന് സംശയം തോന്നി ബാഗ് പരിശോധിച്ചത്. അതിനിടയിലുള്ള അഞ്ച് ദിവസം ഈ ബാഗ് വിട്ട് നൽകണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ ആൾ സമ്മർദ്ദം നടത്തിയിരുന്നുവെന്ന് ആരോപണം പിന്നീട് നടന്ന അന്വേഷണത്തിൽ സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments