ഡൽഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പുതിയ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ഹാർദ്ദിക് പട്ടേൽ, സൽമാൻ ഖുർഷിദ്, ദീപേന്ദ്ര സിംഗ് ഹൂഡ എന്നിവരടങ്ങുന്ന 30 പേരുടെ പട്ടികയാണ് കോൺഗ്രസ് ഹൈക്കമാന്റ് പുറത്തിറക്കിയത്.
താരപ്രചാരകരുടെ പുതിയ പട്ടികയിലുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് ഇത്തവണ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിരുന്നു. കൂടാതെ കാശ്മീർ വിഷയത്തിലടക്കം കേന്ദ്ര സർക്കാറിനെ പൂർണ്ണമായി പിന്തുണക്കുന്ന നിലപാടുള്ള കോൺഗ്രസ് നേതാവ് കൂടിയാണ് ആസാദ്.
ഉത്തർപ്രദേശിലെ സ്ഥാനാർത്ഥികൾക്കായി നിശ്ചയിച്ച പല താരപ്രചാരകരും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. താരപ്രചാരകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട പലരും പട്ടിക പുറത്തുവന്ന അന്നുതന്നെ രാജിവെച്ച് ബിജെപിയിൽ ചേർന്ന സംഭവങ്ങൾ വരെ ഉണ്ടായി.
കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെട്ടിരുന്ന മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതൻജിത് പ്രതാപ് സിങ് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് പുറത്തിറക്കിയ യുപി തിരഞ്ഞെടുപ്പിലെ താരപ്രചാകരുടെ പട്ടികയിലുണ്ടായിരുന്ന പ്രമുഖ നേതാവായിരുന്നു രതൻജിത് പ്രതാപ്. 1996 ൽ കോൺഗ്രസ് എംഎൽഎയായ പ്രതാപ് സിങ് യൂത്ത് കോൺഗ്രസ് ഉത്തർപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
രണ്ടാം യുപിഎ സർക്കാറിൽ ട്രാൻസ്‌പോർട്ട്-ഹൈവേ, പെട്രോളിയം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചു. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരിയും റായ്ബറേലി എംഎൽഎയുമായ അതിഥി സിങും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
ഉത്തർപ്രദേശ് കോൺഗ്രസിന്റെ വനിതാ മുഖമായിരുന്ന പ്രിയങ്ക മൗര്യയും ഇപ്പോൾ ബിജെപിയിലാണ്. പ്രിയങ്ക വാദ്രയുടെ നേതൃത്വത്തിൽ യുപിയിൽ കോൺഗ്രസ് നടത്തിയിരുന്ന പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് പ്രിയങ്ക മൗര്യയായിരുന്നു. കേന്ദ്ര നേതൃത്വത്തിനെതിരെ ശക്തമായ അഴിമതി ആരോപണങ്ങളുന്നയിച്ചാണ് അവർ കോൺഗ്രസ് വിട്ടത്.
Comments