കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ 3,500 ഉത്തരക്കടലാസുകൾ കാണാനില്ല. ഡിഗ്രി രണ്ടാം സെമസ്റ്ററിന്റെ ഉത്തര കടലാസുകളാണ് കാണാതായത്. മൂന്നുമാസം മുൻപ് ഇവയുടെ മൂല്യനിർണയം പൂർത്തിയായിരുന്നു. ഉത്തരക്കടലാസ് കണ്ടെത്തി ഉടൻ എത്തിക്കണമെന്ന് പരീക്ഷ കൺട്രോളർ സർക്കുലർ പുറപ്പെടുവിച്ചു.
മൂല്യനിർണയം കഴിഞ്ഞ് മാർക്കുകൾ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോഴാണ് 3,500ഓളം ഉത്തരക്കടലാസ് കാണാതായ വിവരം അധികൃതർ അറിയുന്നത്. ഇക്കാര്യം ആരെയും അറിയിക്കാതെ ഉത്തരക്കടലാസ് കണ്ടെത്താൻ സർവകലാശാല അനൗദ്യോഗികമായി നടത്തിയ ശ്രമം പരാജയപ്പെട്ടു.
മൂല്യനിർണയം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഫലം പ്രഖ്യാപിക്കാതെ വന്നതോടെയാണ് പരീക്ഷ കൺട്രോളർ ഇടപ്പെട്ടത്. തുടർന്നാണ് ഉത്തരക്കടലാസ് കാണാതായ വിവരം പുറംലോകമറിയുന്നത്. പരീക്ഷ എഴുതി ഒരു വർഷം പിന്നിട്ടിട്ടും ഫലം ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ ദുരിതത്തിലാണ്. മൂല്യനിർണയം വൈകാതിരിക്കാൻ പല മാർഗങ്ങൾകൈക്കൊണ്ടിട്ടും പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് സർവകലാശാല.
ഒരു വർഷം മുൻപ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഉൾപ്പെടെ ഫലം കാത്തിരിക്കുകയാണ്. ഫലം വരാത്തതിനെ തുടർന്ന് സപ്ലിമെൻററി പരീക്ഷ എഴുതിയവരുടെ തുടർ പഠനം പോലും പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments