ഇസ്ലമാബാദ്: ഇന്ത്യയിൽ നിന്നും കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കുവെച്ച ട്വീറ്റ് പിൻവലിച്ച് ഹ്യൂണ്ടായിയുടെ പാകിസ്താൻ യൂണിറ്റ്. പോസ്റ്റിന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ച് ഹ്യൂണ്ടായി തലയൂരിയത്. കശ്മീർ ഐക്യദാർഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യൻ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് ഹ്യൂണ്ടായി ഷെയർ ചെയ്തത്. എന്നാൽ ഹ്യൂണ്ടായിയുടെ പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്.
കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നമുക്ക് ഓർമ്മിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണ നൽകാം’ എന്നായിരുന്നു പാകിസ്താൻ ഹ്യൂണ്ടായിയുടെ പോസ്റ്റ്. പിന്നാലെ #BoycottHyundai ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും ഹ്യൂണ്ടായി പോസ്റ്റ് പിൻവലിക്കുകയുമായിരുന്നു. പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായിയുടെ വാഹന വിപണിയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ദാൽ തടാകത്തിലെ ബോട്ടിന്റെ ചിത്രവും മുള്ളുവേലി ഉപയോഗിച്ച് കശ്മീർ എന്ന വാക്കും ചേർന്നതായിരുന്നു പോസ്റ്റ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി പാകിസ്താൻ ഗവൺമെന്റിന് അനുകൂലമായി പ്രചാരണം നടത്തുന്നതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഇക്കാര്യത്തിൽ ഹ്യൂണ്ടായിയുടെ ഇന്ത്യൻ ഡീലർഷിപ്പിനോട് വിശദീകരണം തേടിയ ട്വിറ്റർ ഉപയോക്താക്കളെ ഹ്യൂണ്ടായി ഇന്ത്യ ബ്ലോക്ക് ചെയ്തതായും ആരോപണമുണ്ട്.
ഹ്യൂണ്ടായി പാക്കിസ്താൻ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്താനിൽ ഹ്യൂണ്ടായി കാറുകൾ വിതരണം ചെയ്യുന്നത്. ഹ്യൂണ്ടായി ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കൾ പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതികൾ അയച്ചിട്ടുണ്ട്.
















Comments