ഷില്ലോങ്: മേഘാലയയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി 17കാരൻ. ഷില്ലോങ്ങിലെ ഐഇഡി സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് 17കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ വർഷം നിരവധി സ്‌ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതായി 17കാരൻ പറഞ്ഞതായി അന്വേഷണ ഏജൻസി വ്യക്തമാക്കി. 17കാരനൊപ്പം മറ്റ് രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേഘാലയയിലെ ഭരണകക്ഷിയായ എൻപിപിയുടെ ഓഫീസിൽ സ്‌ഫോടക വസ്തു സ്ഥാപിക്കുന്നതിൽ താൻ പങ്കാളിയായിരുന്നുവെന്നും 17കാരൻ സമ്മതിച്ചിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബസാറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കുട്ടിയുടെ വീട്ടിൽ നിന്നും ബോംബുകളും ഐഇഡികളും കണ്ടെടുത്തതായി മേഘാലയ ആഭ്യന്തരമന്ത്രി ലഖ്‌മെൻ റിംബുയി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്ന സംഘത്തിലെ പ്രധാനിയാണ് 17കാരൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിക്കുകയും അവരിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയുമായിരുന്നു. അന്വേഷണ ഏജൻസികൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
Comments