ഷാർജ: ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ബോധവത്കരണ ക്യാമ്പെയിനുമായി ഷാർജ പോലീസ്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഉണ്ടായ വർധനയെത്തുടർന്നാണ് പോലീസ് നടപടി. കുട്ടികളും വലിയ തോതിൽ ഓൺലൈൻ തട്ടിപ്പുകളിൽ ഇരയാക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പൊതുജനങ്ങളെ – പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും – സംരക്ഷിക്കാനായാണ് ബോധവത്കരണ ക്യാമ്പെയിൻ ആരംഭിച്ചതെന്ന് ഷാർജ പോലീസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ആപ്പുകളും വീഡിയോ ഗെയിമുകളും നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയുന്ന ഒരു കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ഷാർജ പോലീസ് അറിയിച്ചു.
ഓൺലൈൻ ഗെയിമുകൾ വഴി ആളുകളെ ബ്ലാക്ക് മെയിൽ ചെയ്തതിന് ഷാർജ പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപരിചിതർ ഗെയിം ചാറ്റ് റൂമുകൾ മുതലെടുത്ത് കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പല കേസുകളിലും പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലം നിരവധി പേരെ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.
2020-ൽ ഷാർജയിൽ മൊത്തം 269 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാക്ക് ചെയ്ത 210 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. 125 പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അതൊടൊപ്പം നിരന്തരമായി വീഡിയോ ഗെയിമുകൾ കളിക്കുന്നത് മൂലം ചില കുട്ടികളിൽ അക്രമ സ്വഭാവം കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
Comments