കോഴിക്കോട് : ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വീണു പോകുന്നത് ഒരു ജീവനാണ് എന്ന് മാത്രമേ ആ കൈകൾ പിടിക്കാൻ ശ്രമിക്കുമ്പോൾ മിൻഹത്തിന്റെ മനസിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മിൻഹത്തിൽ നിന്നും പിടിവിട്ട് ആ പെൺകുട്ടി താഴേയ്ക്ക് തെറിച്ചുപോയി. എന്നിട്ടും കൈവിടാതെ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി പിറകിലേക്ക് ഓടി മിന്ഹത്ത് . ഒടുവിൽ അസ്തമിക്കുമായിരുന്ന ശരീരത്തിൽ ജീവന്റെ തുടിപ്പ്.
കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസില്‍നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയാണ് അപൂർവ്വ നിമിഷങ്ങൾ താണ്ടി മിന്‍ഹത്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്ഹത്ത് എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പട്ടാമ്പിക്ക് അടുത്തെത്തുമ്പോള്‍ ശൗചാലയത്തിലേക്ക് പോകുന്നതിനിടെയാണ് ജിഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചുപോയത്. ഈ സമയം തൊട്ടടുത്തായി മിന്‍ഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച് പോയ ജിഷ്ണയെ കൈയ്യെത്തി പിടിക്കാനാഞ്ഞെങ്കിലും ഉടന്‍ പിടികിട്ടിയില്ല.
പെട്ടെന്നുതന്നെ മിന്ഹത്ത് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിച്ചു. കമ്പാർട്ട്മെന്റിനകത്തേയ്ക്ക് ഓടി ഒരു കുട്ടി വീണിട്ടുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
ജിഷ്ണ വീണ സ്ഥലം പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടന്‍ ജിഷ്ണയെ എടുത്ത് കൊണ്ടുവന്നു. ട്രെയിനിലെ മറ്റുയാത്രക്കാരും ഒപ്പംകൂടി. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ആവശ്യപ്പെട്ടു.
ട്രെയിനിൽ തന്നെ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലര്‍ പറഞ്ഞെങ്കിലും സമയം വൈകുമെന്ന് കണ്ട് മിന്‍ഹത്തുതന്നെ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്സിലേയ്ക്ക് ചെന്ന് ഉടമയോട് സംഭവം പറഞ്ഞു . അദ്ദേഹത്തിന്റെ കാറിൽ ജിഷ്ണയെ ആശുപത്രിയിൽ എത്തിച്ചു.
ജിഷ്ണയുടെ ഫോണില്‍ നിന്ന് ആരുടെയെങ്കിലും നമ്പര്‍കിട്ടുമോ എന്നുനോക്കി. ലോക്കായതിനാല്‍ തുറക്കാന്‍ പറ്റിയില്ല. ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ അവരില്‍നിന്ന് സഹോദരന്റെ നമ്പര്‍ വാങ്ങി വിവരം അറിയിച്ചു.
നെറ്റിയിലാണ് ജിഷ്ണയ്ക്ക് മുറിവേറ്റത്. രക്തം വാർന്ന് അപകടനിലായിലായിരുന്നു . പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് ജീവൻ രക്ഷിക്കാൻ സഹായകമായി. ‘ഇപ്പോള്‍ അപകടനിലയെല്ലാം തരണം ചെയ്തെന്ന് സഹോദരങ്ങള്‍ വിളിച്ചുപറഞ്ഞുവെനും തന്റെ പരിശ്രമം വെറുതെയായില്ലെന്നതില് സന്തോഷമുണ്ടെന്നും ‘ മിൻഹത്ത് പറഞ്ഞു.
Comments