തിരുവനന്തപുരം: കവി മുരുകൻ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേർത്ത പോസ്റ്റർ മലയാളം മിഷൻ പിൻവലിച്ചു. മുരുകൻ കാട്ടാക്കടയുടെ ജാതിപ്പേര് കൂടി പോസ്റ്ററിൽ വെച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച ആശംസാകാർഡിൽ ആർ മുരുകൻ നായർ എന്നാണ് എഴുതിയിരുന്നത്. മുരുകൻ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റിലാണ് ഉപയോഗിച്ചത്.
പോസ്റ്റർ വലിയ രീതിയിൽ വിവാദത്തിലായതോടെ മലയാളം മിഷൻ പോസ്റ്റ് പിൻവലിക്കുകയും പുതിയ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. മുരുകൻ കാട്ടാക്കട ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തിൽ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു ഉയർന്ന വിമർശനം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലെത്തി മുരുകൻ കാട്ടാക്കട മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റത്.
ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. സാംസ്കാരികകാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മോട്ടോ.
Comments