ലക്‌നൗ : ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ ഉത്തർപ്രദേശ് പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ജനവിധി തേടുന്ന സംസ്ഥാനമാണ് യുപി.
പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിലെ 623 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ ഒൻപത് എണ്ണം സംവരണ മണ്ഡലങ്ങളാണ്. രാവിലെ ഏഴ് മണിയ്‌ക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും. വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും വോട്ടെടുപ്പ്. എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി 50,0000 അർദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് ശക്തി പകർന്ന് പോലീസും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ക്രമസമാധാന പാലനത്തിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം രാഷ്‌ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികൾ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനമായിരുന്നു. വീടുകൾ കയറിയിറങ്ങി രാഷ്‌ട്രീയ പാർട്ടികൾ നിശബ്ദപ്രചാരണവും കൊഴുപ്പിച്ചു.
ജാട്ട്, മുസ്ലീം സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് പടിഞ്ഞാറൻ യുപി. അതുകൊണ്ടുതന്നെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നിർണായകമാണ്. ഉത്തർപ്രദേശിന്റെ ഭരണ ചിത്രം വ്യക്തമാക്കുന്നതിൽ നിർണായക പങ്കാണ് പടിഞ്ഞാറൻ മേഖലയ്‌ക്കുള്ളത്.2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. ഇതിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത്.
ആദ്യഘട്ടത്തിൽ ബിജെപിയുടെ പ്രമുഖ നേതാക്കളായ പങ്കജ് സിംഗ്, കപിൽ ദേവ് അഗർവാൾ, ശ്രീകാന്ത് ശർമ്മ എന്നിവരാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണ നേട്ടവും , സർവ്വേ ഫലങ്ങളും നൽകിയ ആത്മവിശ്വാസത്തിലാണ് ഭരണ കക്ഷിയായ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുപിയിൽ ബിജെപി തുടർഭരണം നേടുമെന്നാണ് മുഴുവൻ സർവ്വേകളും പ്രവചിക്കുന്നത്. പ്രചാരണ വേളയിൽ ജനങ്ങൾ നൽകിയ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. തുടർഭരണമെന്ന നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
അതേസമയം കാർഷിക നിയമങ്ങൾ തങ്ങൾക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് സമാജ്‌വാദി പാർട്ടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ഇക്കുറി നിലനിർത്താൻ ആകുമെന്ന പ്രതീക്ഷ പോലും ഇക്കുറി കോൺഗ്രസിനില്ല.
Comments