ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ ക്ലാസിലിരിക്കാൻ അനുവദിക്കണം; രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണയുമായി സിപിഎം; വിഷയത്തിൽ ഇടപെടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് എളമരം കരീമിന്റെ കത്ത്

Published by
Janam Web Desk

ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് സിപിഎം. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ ഇരിക്കാനുള്ള അവകാശം സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തെഴുതി. വിദ്യാർഥിനികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കർണാടക സർക്കാരിനോട് നിർദ്ദേശിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്.

മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും പഴയതുപോലെ ഹിജാബ് ധരിച്ച് ക്ലാസുകളിൽ ഇരിക്കാനുമുള്ള അവകാശം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണം. ഹിജാബ് ധരിച്ച് മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എത്തുന്നതിനെച്ചൊല്ലി കർണാടകത്തിൽ അനാവശ്യവിവാദം ഉണ്ടായിരിക്കയാണ്. വർഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും കത്തിൽ പറയുന്നു.

ദശകങ്ങളായി പെൺകുട്ടികൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയിരുന്നു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമുമായി ഒത്തുപോകാൻ ഷാലിന്റെ നിറം ഏകീകരിച്ചിരുന്നുവെന്നുമാത്രം. ഈ അനാവശ്യ വിവാദം തടയാൻ കർണാടക സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെ ഉണ്ടായിട്ടില്ലെന്നും കത്തിൽ എളമരം കരീം ആരോപിക്കുന്നു.

സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം. വിദ്യാർഥിനികളുടെ അവകാശം സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് കർണാടക സർക്കാരിനോട് കേന്ദ്രം നിർദേശിക്കണം. അനാവശ്യവിവാദം അവസാനിപ്പിച്ച് രാജ്യത്തെ സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നും കത്തിൽ പറയുന്നു.

Share
Leave a Comment