ചെന്നൈ : പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവം എൻഐഎ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരണം. കുറ്റക്കാരെ പിടികൂടുകയും തക്ക ശിക്ഷ നൽകുകയും വേണം. ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയാണ്. ഗൂഢാലോചനയും, സത്യാവസ്ഥയും പുറത്തുകൊണ്ടുവരാൻ എൻഐഎ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
15 വർഷങ്ങൾക്ക് മുൻപ് ഡിഎംകെ സർക്കാർ ഭരിക്കുമ്പോഴും സമാനമായ രീതിയിൽ ബിജെപി ഓഫീസിന് നേരെ പെട്രാൾ ബോംബ് ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി നേതാവ് കരാട്ടെ ത്യാഗരാജനും പറഞ്ഞു. സംഭവത്തിൽ സർക്കാരിന് പങ്കുണ്ട്. ഇതുകൊണ്ടെന്നും തങ്ങളെ പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ ഒന്നരയോടെയായിരുന്നു ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ബെെക്കിൽ എത്തിയ ഒരു സംഘം ആളുകൾ ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ പോലീസിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്.
















Comments