ലക്‌നൗ: ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും തടസ്സം സൃഷ്ടിക്കാൻ ചിലർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് മുസ്ലീം സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നില്ലെന്ന് ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ബിജെപി സർക്കാർ മുസ്ലീം സ്ത്രീകളെ മുത്തലാഖിൽ നിന്നും സ്വതന്ത്രരാക്കി. മുസ്ലീം സ്ത്രീകൾ പരസ്യമായി കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷത്തിന് ആശങ്കയായി. പക്ഷേ ഞങ്ങൾ എപ്പോഴും മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും’ പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
‘ മുസ്ലീം സഹോദരിമാർക്കും പെൺമക്കൾക്കും നമ്മുടെ ഉദ്ദേശമെന്താണെന്ന് മനസിലാകും. മുത്തലാഖിൽ നിന്ന് മോചിപ്പിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത്. അതുകൊണ്ട് ഇപ്പോൾ മുസ്ലീം സഹോദരിമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.’
‘ ഉത്തർപ്രദേശിൽ ഇന്ന് പലരും വ്യാജവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടെ എല്ലാ വാഗ്ദാനങ്ങളും പൊള്ളയാണ്. വൈദ്യുതി വാഗ്ദാനം ചെയ്യുന്നവരാണ് അഞ്ച് വർഷം മുൻപ് വരെ ഇവിടം ഇരുട്ടിലാക്കിയിരുന്നത്. കുടുംബഭരണം കാരണം കൃത്യമായ ലക്ഷ്യങ്ങളൊന്നും മുൻ സർക്കാരുകൾക്ക് ഉണ്ടായിരുന്നില്ല. സ്വന്തം കുടുംബത്തെ അല്ലാതെ മറ്റാരേയും അവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രശ്‌നങ്ങൾക്കും കൃത്യമായ പരിഹാരം കണ്ട് സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് ബിജെപി സർക്കാർ ജനങ്ങൾക്ക് ഒരുക്കിയതെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
















Comments