സുൽത്താൻ ബത്തേരി: ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ബസിൽ കുഴഞ്ഞുവീണിട്ടും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ ജീവനക്കാർ ഉദാസീനത കാട്ടിയതാണ് മരണത്തിനിടയാക്കിയത്. ബത്തേരി തൊടുവട്ടി ടി.കെ.ലക്ഷ്മണൻ മരിച്ച സംഭവത്തിലാണ് കൽപ്പറ്റ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ വിധി.
2018 മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ലക്ഷ്മണൻ. മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്നും പാലാരിവട്ടത്തേക്ക് പോകാനാണ് ഇദ്ദേഹം ബസിൽ കയറിയത്. ഷേണായീസ് ജംഗ്ഷൻ എത്തിയപ്പോൾ ഇദ്ദേഹം കുഴഞ്ഞു വീണു. ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. യാത്രയ്ക്കിടെ ആറ് ആശുപത്രികൾ കടന്നു പോയിട്ടും ബസ് നിർത്താൻ ഇവർ തയ്യാറായില്ല.
ഒടുവിൽ ഒരു യാത്രക്കാരൻ ബഹളം വച്ചതിനെ തുടർന്ന് ഇടപ്പള്ളി ജംഗ്ഷനിൽ ബസ് നിർത്തി. ലക്ഷ്മണിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ലക്ഷ്മണിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
Comments