ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ നാല് അൽ-ബാദർ ഭീകരരെ ഉൾപ്പെടെ ഏഴ് പേരെ പിടികൂടി സൈന്യം. സോപോറിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന സംഘത്തെയാണ് സൈന്യം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വലിയ തോതിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.
രാവിലെ മൂന്ന് അൽ-ബാദർ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേർ കൂടി പിടിയിലായത്. സംഘത്തിലെ നാല് പേർ സജീവ അൽ-ബാദർ പ്രവർത്തകരാണ്. മറ്റുള്ളവർ ഭീകരസംഘടനകളുടെ സഹായികളാണെന്നും പോലീസ് വ്യക്തമാക്കി.
സോപോർ ജില്ലയിലെ ദംഗിവാച്ച പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടാനായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇതിനിടെ വെള്ളിയാഴ്ച വൈകിട്ട് ബന്ദിപോറയിൽ പോലീസ് പട്രോളിങ് സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചു. മറ്റൊരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.















