കശ്മീർ: കശ്മീർ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയ്‌ക്ക് ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മതതീവ്രവാദികളുടെ ഭീഷണി. 99.8 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയാണ് അറൂസ പർവൈസ് എന്ന വിദ്യാർത്ഥിനി പഠനം പൂർത്തിയാക്കിയത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകർ അറൂസയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. എന്നാൽ അറൂസ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് തീവ്ര ഇസ്ലാമികവാദികൾ ഇവരെ അധിക്ഷേപിക്കാനും ഭീഷണി മുഴക്കാനും തുടങ്ങിയത്. അറൂസയെ ബലാത്സംഗം ചെയ്യുമെന്നും, വധിക്കുമെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്നാൽ ഇത്തരം അധിക്ഷേപങ്ങളെയോ ഭീഷണികളെയോ താൻ ഒരു രീതിയിലും പരിഗണിക്കുകയില്ലെന്ന് അറൂസ പറയുന്നു. ‘ ഇത്തരം ഭീഷണികളൊന്നും എനിക്ക് പ്രശ്‌നമല്ല. പക്ഷേ എന്റെ മാതാപിതാക്കളെ ഇതെല്ലാം സാരമായി ബാധിച്ചു. ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ മതത്തിലുള്ള വിശ്വാസത്തെ നിർവചിക്കുന്നില്ല. ഈ ഭീഷണി മുഴക്കുന്നവർ അള്ളാഹുവിനെ സ്‌നേഹിക്കുന്നതിലും അധികം ഞാൻ അള്ളാഹുവിനെ സ്‌നേഹിക്കുന്നുണ്ട്. ഹിജാബ് കൊണ്ടല്ല ഹൃദയം കൊണ്ട് ഞാനൊരു മുസ്ലീമാണെന്നും” അറൂസ പറയുന്നു.
നാണമില്ലാത്തവൾ…അവൾ ഹിജാബ് ധരിക്കാതെയാണ് ഇരിക്കുന്നത്, അവളുടെ കഴുത്ത് മുറിക്കണം ഇങ്ങനെയാണ് ഒരാൾ പറയുന്നത്. അറൂസിന്റെ മാതാപിതാക്കളേയും ചിലർ ചീത്ത വിളിക്കുന്നുണ്ട്. നിങ്ങളുടെ മകളെ എങ്ങനെയാണ് വളർത്തിയത്, അവളെ ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിലും ഭേദം വിദ്യാഭ്യാസമില്ലാത്തതാണെന്നാണ് മറ്റൊരാൾ പറയുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ഓരോ ദിവസവും ലഭിക്കുന്നതെന്നും അറൂസ പറയുന്നു.
















Comments