തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കി കെപിസിസി നേതൃത്വം. സംസ്ഥാന നേതൃത്വത്തെ ചെന്നിത്തല നോക്കുകുത്തിയാക്കുകയാണെന്നാണ് ആരോപണം. വിഷയത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ചെന്നിത്തലയെ അറിയിക്കും. നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനവും മന്ത്രി ബിന്ദുവിനെതിരെ കോടതിയിൽ പോയതും പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ട്. ചെന്നിത്തലയെ നേരിട്ട് അതൃപ്തി അറിയിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
അതേസമയം നിയമസഭ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തിയതെന്നാണ് ചെന്നിത്തല അനുകൂലികളുടെ വാദം. ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. നിർണായക കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് നേതൃത്വമാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്.
നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതും അത് പരസ്യപ്പെടുത്തേണ്ടതും പ്രതിപക്ഷ നേതാവോ കെപിസിസിയോ ആയിരിക്കണമെന്ന വാദവും നേതൃത്വം മുന്നോട്ട് വയ്‌ക്കുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും രമേശ് ചെന്നിത്തലയെ കാണുന്നത്.
Comments