ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 മെഗാ ലേലത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കാൻ കിടമത്സരം നടത്തി അഞ്ച് ടീമുകൾ. ഞായറാഴ്ച ലേലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് 28 കാരനായ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റൺ ആയിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസിനായി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട് ലിവിംഗ്സ്റ്റൺ. കളിക്കാരന്റെ സേവനം ലഭിക്കാൻ അഞ്ച് ടീമുകൾ കൊമ്പുകോർത്ത ശേഷം, ലിവിംഗ്സ്റ്റണിനായി ഏറ്റവും കൂടുതൽ ലേലം(11.5കോടി) ഉറപ്പിച്ചത് പഞ്ചാബ് കിംഗ്സ് ആയിരുന്നു.
ലിയാം ലിവിംഗ്സ്റ്റണിനായുള്ള കടുത്ത ലേല യുദ്ധം കണ്ടത്. ലിയാമിന്റെ അടിസ്ഥാന വിലയായ 1 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലം തുറന്നത്. അതേസമയം ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരും താരത്തിനായി രംഗത്തെത്തി. എന്നാൽ ഏറ്റവും ഉയർന്ന തുകയായ 11.5 കോടിയ്ക്ക് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
ഐപിഎൽ 2022 മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ കളിക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ലിവിംഗ്സ്റ്റൺ. ഇഷാൻ കിഷനാണ് ലേലത്തിലെ ഇതുവരെയുള്ള ഏറ്റവും വിലകൂടിയ താരം. മുംബൈ ഇന്ത്യൻസ് 15.25 കോടിയ്ക്കാണ് ടീമിൽ നിലനിർത്തിയത്. ദീപക് ചഹറിനെ ചെന്നൈ 14 കോടി രൂപയ്ക്ക് സ്വന്തമാക്കി. അതേ സമയം, 12.25 കോടി രൂപയ്ക്ക് കൊൽക്കത്ത വാങ്ങിയ ശ്രേയസ് അയ്യർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ദി ഹൺഡ്രഡ്, ബിഗ് ബാഷ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിലെ പ്രകടനമാണ് ലിവിംഗ്സ്റ്റണിന്റെ മൂല്യം കൂട്ടിയത്. രാജസ്ഥാൻ റോയൽസിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ കളിച്ച അദ്ദേഹം ആകെ 113 റൺസ് നേടി.
Comments