തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ തൃശൂരിൽ ഉണ്ടായ അപകടത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ ആരും പരാതി നൽകാത്ത സാഹചര്യത്തിലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. അപകടത്തിന്റെ സ്വഭാവം ഗുരുതരമല്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വിലയിരുത്തുന്നു.
അപകടത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്ന സംഭവത്തിൽ മാത്രമായി ചുരുങ്ങും. നടത്തിപ്പിലുണ്ടായ വീഴ്ചകളോ സംഘാടനത്തിലെ പാളിച്ചകളോ അന്വേഷണത്തിന്റെ പരിധിയിൽ വരില്ലെന്നാണ് നിലവിലെ വിവരം.
അതേസമയം, സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംഘാടക സമിതി ഒരിക്കൽ പോലും യോഗം ചേർന്നിരുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തൃശൂർ എംഎൽഎ രാജൻ ജെ പല്ലൻ ചെയർമാനായ സമിതി ഔദ്യോഗികമായി രൂപീകരിച്ചിരുന്നെങ്കിലും പ്രവർത്തനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക ജോലിത്തിരക്കിലായിരുന്നതിനാലാണ് യോഗം ചേരാൻ കഴിയാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സംഘാടക സമിതി ചെയർമാനായ എംഎൽഎ രാജൻ ജെ പല്ലനും സമിതി അംഗമായ തൃശൂർ മേയർക്കും ലഭിച്ചത് ക്ഷണക്കത്ത് മാത്രമാണെന്നും വിവരമുണ്ട്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യസമയത്ത് അറിയിക്കാത്തതിൽ തൃശൂർ എംപിയുടെ ഓഫീസും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അധ്യാപക സംഘടനകളുടെ പ്രതിനിധികളെ വിളിച്ചുചേർത്ത് വിവിധ കമ്മിറ്റികൾ രൂപീകരിച്ചതിന് ശേഷം തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ, അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഘാടന സംവിധാനത്തിലെ വീഴ്ചകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പൊലീസ് അന്വേഷണം നടത്താത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന അപകടത്തിന്റെ യഥാർഥ ഉത്തരവാദിത്വം കണ്ടെത്തുമോ എന്നതും ചോദ്യമായി തുടരുന്നു.















