ചണ്ഡിഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജലന്ധറിൽ എത്തിയിരുന്നു. രാജ്യത്തെ ആകെ ശ്രദ്ധയാകർഷിച്ച സുരക്ഷാ വീഴ്‌ച്ചയ്‌ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ ഹെലികോപ്ടർ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചരൺജിത്ത് സിംഗ് ഛന്നി.
ഹോഷിയാർപൂരിലേക്കുള്ള യാത്രയ്‌ക്ക് ഒരുങ്ങുകയായിരുന്നു ഛന്നി. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ പങ്കെടുക്കാനായായിരുന്നു യാത്ര. ഇതോടെയ റാലിയിൽ നിന്നും വിട്ട് നിൽക്കാൻ താൻ നിർബന്ധിതനായെന്ന് ഛന്നി പറഞ്ഞു. താനൊരു മുഖ്യമന്ത്രിയാണെന്നും തീവ്രവാദിയല്ലെന്നും ഛന്നി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം കണക്കിലെടുത്ത് നോഫ്‌ളൈ സോൺ ഏർപ്പെടുത്തുകയായിരുന്നു.
ചണ്ഡീഗഡിലെ രാജേന്ദ്ര പാർക്കിൽ നിന്നായിരുന്നു ചന്നിയുടെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. അതേസമയം രാഹുൽ ഗാന്ധിയ്‌ക്ക് വേണ്ടി തന്റെ ഹെലികോപ്ടർ യുപിഎ സർക്കാർ തടഞ്ഞുവെച്ച സംഭവം പങ്കുവെച്ചാണ് പ്രധാനമന്ത്രി പഞ്ചാബിൽ ഇന്ന് പ്രസംഗിച്ചത്. 2014 നടന്ന സംഭവം അമൃത്സറിലെ തെരഞ്ഞെടുപ്പ് ക്യാമ്പിൽവെച്ചാണ് പ്രധാനമന്ത്രി പറഞ്ഞ്.
യുവരാജാവ് അമൃത്‌സറിലേക്ക് പറക്കുന്നതിനാൽ തന്റെ ഹെലികോപ്ടർ അന്ന് പഞ്ചാബിൽ തടഞ്ഞുവെച്ചു. അന്ന് താൻ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. പത്താൻകോട്ട് നിന്നും ഹിമാചലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യാത്ര ചെയ്യുകയായിരുന്നു താൻ. എന്നാൽ യുവരാജാവ് അമൃത്സറിലുണ്ടായതിനാൽ തനിക്ക് യാത്ര നിഷേധിച്ചു. കോൺഗ്രസിന്റെ ഒരു എംപി മാത്രമായിരുന്നു അന്ന് അദ്ദേഹം. പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ അനുമതി ഇല്ലാത്ത സംസ്‌കാരമാണ് കോൺഗ്രസിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments