ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാഷ്‌ട്രീയക്കാരനായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയും കുട്ടികളാണെന്നായിരുന്നു അമരീന്ദർ സിംഗിന്റെ പരാമർശം. രാഹുലിന്റേയും പ്രിയങ്കയുടേയും അച്ഛൻ തന്റെ സുഹൃത്താണെന്നും അവർ പറയുന്നത് പറയട്ടെയെന്നും അമരീന്ദർ സിംഗ് പ്രതികരിച്ചു.
പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയിൽ അമരീന്ദർ സിംഗ് നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് രാഹുലും പ്രിയങ്കയും ആരോപിച്ചിരുന്നു. എന്നാൽ പ്രിയങ്കയും രാഹുലും കുട്ടികളാണെന്നും കുട്ടികൾ പറയുന്നതിനോട് താൻ പ്രതികരിക്കാറില്ലെന്നുമായിരുന്നു അമരീന്ദർ സിംഗ് മറുപടി നൽകിയത്.
എല്ലാ രാഷ്‌ട്രീയക്കാരേയും പോലെ തന്നെയാണ് പ്രിയങ്കയും രാഹുലും. കാലത്തിനനുസരിച്ച് അവർ വളരണം. ഇത് അനുഭവത്തിലൂടെ മാത്രമെ സാദ്ധ്യമാവുകയുള്ളൂ. രാഹുൽ ഗാന്ധി ഇതുവരെ വളർന്നിട്ടില്ല. വളരേണ്ട സമയം അതിക്രമിച്ചുവെന്നും അമരീന്ദർ സിംഗ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് പറയുന്നത് അസത്യമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
പഞ്ചാബിന് വേണ്ടിയുള്ള തന്റെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാർ നടപ്പാക്കി തന്നു. അതിനാൽ താനെന്നും അവരോട് നന്ദിയുള്ളവരായിരിക്കുമെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും ബിജെപി 65 ഇടത്തുമാണ് മത്സരിക്കുന്നത്.
Comments